2014, മേയ് 9, വെള്ളിയാഴ്‌ച

kadakali



കഥകളി


ദുര്യോധന വധം കഥകളി - പാണ്ഡവരും കൌരവും ചൂതുകളിയിൽ

കഥകളിയിലെ കൃഷ്ണമുടി വേഷം
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്ന
വിവരണം
നാട്യം, ന്യത്തം, ന്യത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.
കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.
കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.
ചരിത്രം

രുഗ്മിണീസ്വയംവരം
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്.  എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്[അവലംബം ആവശ്യമാണ്]. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
വെട്ടത്തു സമ്പ്രദായം
രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടതുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.
  • നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
  • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
  • കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
  • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
  • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
  • മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.
കോട്ടയം കളരി
കപ്ലിങ്ങോടൻ സമ്പ്രദായം
  • കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
  • ചുട്ടിയ്ക്ക് അകവിസ്തൃതി കെവരുത്തി.
  • മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
  • രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി.
കല്ലുവഴിച്ചിട്ട
ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.
ഐതിഹ്യം
കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവന
തിരുവിതാംകൂർ രാജാക്കന്മാര് കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തികതിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചാർച്ചകാരനായിരുന്നു.
ആട്ടക്കഥ
കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്[6] . പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്.ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണു് ഉപയോഗിക്കുന്നതു്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണു് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തുതമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.
പ്രധാന ആട്ടക്കഥകൾ
ചടങ്ങുകൾ
കേളികൊട്ട്
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്....
അരങ്ങുകേളി
കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു.
തോടയം
ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മാകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷേമ അവരവരുടെ വേഷം കെട്ടാവൂ​ എന്നാണു നിയമം.
വന്ദനശ്ലോകം
പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേർന്ന് പാടുന്നതാണ് വന്ദനശ്ലോകം.
പുറപ്പാട്
ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.
മേളപ്പദം
ഗീതാഗോവിന്ദത്തിലെ “മഞ്ജൂതര കുഞ്ജദള” എന്ന അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ് മേളപ്പദം. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. കഥകളിക്ക് അഷ്ടപദിയോട്‌ ഉള്ള കടപ്പാട് ഇത്‌ വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു “നിലപ്പദം” എന്നും പേരുണ്ട്.
കഥാരംഭം
കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം
സംഗീതം
തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമഅയ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.
അഭിനയം
ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.
മുദ്രകൾ
കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു. വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.
1. പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം
പരികല്പനകൾ
പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ 2 പരികല്പനകൾ രംഗത്ത് എങ്ങനെ അവതരിപ്പിയ്ക്കണം എന്ന് സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണം ചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവും ആയി പറയുന്നു. ഭാവത്തിന്റെ സ്ഥാനത്ത് പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്ത് വാക്യാർത്ഥത്തേയും സങ്കല്പിച്ച് ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു.അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്ക് ചേർന്ന ഭാവങ്ങൾകൊണ്ട് അഭിനയിക്കുമ്പോൾ അത് പദാർത്ഥത്തേയും ചെയ്യുന്നു.
വേഷങ്ങൾ

കഥകളിക്ക് ചുട്ടികുത്തുന്നു
കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.
പച്ച
സ്വാതികസ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ
കത്തി
രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് തഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

ചുവന്ന താടി വേഷത്തിൽ ദുശ്ശാസനൻ
താടി
പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.
    • വെള്ളത്താടി - ഹനുമാൻ, നന്ദികേശ്വരൻ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
    • ചുവന്നതാടി - താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക.ഉദാ:ബകൻ, ബാലി, സുഗ്രീവൻ,ദുശ്ശാസനൻ,ത്രിഗർത്തൻ
    • കറുത്തതാടി-ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം

കാട്ടാളൻ കരിവേഷത്തിൽ
കരി
താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആണ്കരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.

ദ്രൗപദി മിനുക്ക് വേഷത്തിൽ
മിനുക്ക്
കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.
പഴുപ്പ്
ദേവകളായ ചില കഥാപാത്രങ്ങൾക്കാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ.
വാദ്യങ്ങൾ
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്ക്ക, ശംഖ് എന്നിവ. ചില സ്ഥലങ്ങളിൽ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്.
കഥകളി അരങ്ങത്ത്
ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.

പ്രസിദ്ധരായ കഥകളിക്കാർ
  • കുടമാളൂർ കരുണാകരൻ
  • ഗുരു കുഞ്ചുക്കുറുപ്പ്
  • കലാമണ്ഡലം ബാലകൃഷ്ണൻ നായർ
  • കീഴ്പ്പടം കുമാരൻനായർ
  • കലാമണ്ഡലം കൃഷ്ണൻ നായർ
  • വാഴേങ്കട കുഞ്ചുനായർ
  • മാത്തൂർ കുഞ്ഞുപിള്ള പണിക്കർ



മോഹിനിയാട്ടം

.
മോഹിനിയാട്ട നർത്തകി
മോഹിനിയാട്ട നർത്തകി
മോഹിനിയാട്ട നർത്തകി
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്[1]. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.[2] കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.

ചരിത്രം

ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട"ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി കൃസ്ത്വബ്ദം 1709-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:
നാടകനടനം നർമ്മവിനോദം
പാഠക പഠനം പാവക്കൂത്തും
മാടണി മുലമാർ മോഹിനിയാട്ടം
പാടവമേറിന പലപല മേളം

ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:
അല്പന്മാർക്കു രസിക്കാൻ നല്ല ചെ-
റുപ്പക്കാരുടെ മോഹിനിയാട്ടം
ഓട്ടന്തുള്ളൽ വളത്തിച്ചാട്ടം
ചാട്ടം വഷളായുള്ളാണ്ട്യാട്ടം

പണ്ട് ദേവദാസികള്എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലാമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.
തെന്നിന്ത്യയിൽ പ്രധാന നാടകശ്ശാലകളിൽ‍ ഒന്നായിരുന്ന തിരുവന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിനു ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശ്ശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശ്ശാലകളുമായി സഹകരിച്ചുപോന്നിരിക്കണം.

സ്വാതിതിരുനാൾ

പ്രധാന ലേഖനം: സ്വാതി തിരുനാൾ
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ (1829) സ്ഥാനാരോഹണത്തോടെയാണു മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവുണ്ടായത്[3]. ബഹുഭാഷാപണ്ഢിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു[4]. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം.
സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായി നിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.

സ്വാതിതിരുനാളിനു ശേഷം

ലാസ്യനൃത്തപ്രിയനായിരുന്ന സ്വാതിതിരുനാളിനുശേഷം സ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളി പ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്കു എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട് പരമേശ്വരഭാഗവതർ തിരുവനന്തപുരം വിട്ടു സ്വദേശത്തെക്കു തിരിച്ചു വരാൻ നിർബന്ധിതനായി. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി. പൊലികളി, ഏശൻ, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങൾ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തൽക്കാലം തങ്ങളുടെ നിലനിൽപ്പു സുരക്ഷിതമാക്കാൻ ശ്രമിച്ചു.
ചന്ദനം എന്ന നൃത്ത ഇനത്തിൽ നർത്തകി ചന്ദനം വിൽക്കാനെന്ന വ്യാജേന നൃത്തം ചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു. പിന്നീട് അവരുടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ "മൂക്കുത്തി"യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നർത്തകി വേദിയിൽ നിന്നുപറയുന്നു. പിന്നീട് കാണികളുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു.
മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളേയും സമൂഹത്തിൻറെ മാന്യവേദികളിൽ നിന്നും അകറ്റി. കൊല്ലവർഷം 1070-ൽ ഇറങ്ങിയ വിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിർമ്മലാ പണിക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 1920-കളിൽ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളിൽ നിന്നു പഴയന്നൂർ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോൻ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാൻ തുടങ്ങി.

ഹസ്തമുദ്ര

മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നിവയ്ക്ക് പൊതുവേ ഹസ്തമുദ്രകൾക്ക് പ്രാധാന്യമുണ്ട്. മുദ്രകൾക്ക് അക്ഷരങ്ങളുടെ സ്ഥാനമാണ്. വ്യത്യസ്തമുദ്രകൾ വ്യത്യസ്തവാക്കുകളെ സൂചിപ്പിക്കുന്നു. ഹസ്തലക്ഷണ ദീപിക എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപത്തിനാല് മുദ്രകളാണ് ഇവയ്ക്കടിയ്ഥാനം. ഇരുപത്തിനാല് ഹസ്തമുദ്രകൾ ഇവയാണ്.
പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംഹാസ്യം, അഞ്ജലി, അർദ്ധചന്ദ്രം, മുകുരം, ഭ്രമരം, സചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകമുഖം.

കേരളകലാമണ്ഡലം


1930 -ൽ ചെറുതുരുത്തിയിൽ വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയ കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട് കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്[5]. അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്.
1950ൽ വള്ളത്തോൾ മഹകവി ചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.[6]

ഉയർച്ച

കുറെകാലം മോഹിനിയാട്ടം പ്രസിദ്ധിയാർജ്ജിക്കാതെ പോയി. ഡോ. കനക് റെലെയും ഭരതി ശിവജിയും ഇതിൽ ശ്രദ്ധപതിപ്പിച്ചതോടെ സ്ഥിതിമാറി. അവർ മോഹിനിയാട്ടത്തിന് നല്ല സംഭാവകൾ നൽകി. ഭാരതീയ വിദ്യാഭവനിലെ പ്രൊ. ഉപാദ്ധ്യയുടേയും ദോ. മോത്തി ചന്ദ്രയുടേയും കീഴിൽ ഗവേഷണം നടത്തി ഡോ. കനക് റെലെ 1977 ൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടി. അവർ മഹാറഷ്ട്രയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രവും നളന്ദ നാട്യകലാ മഹാവിദ്യാലയവും തുടങ്ങി.[6]

സങ്കേതങ്ങൾ

Kerala 06 dance.jpg
  • പ്രണാമം(നമസ്കാരം)
ഏകതാളം, വിളംബരകാലത്തിൽ പതിനാറ് അക്ഷരകാലം, സമപാദത്തിൽനിന്ന് ഇരുകൈകളും മാറിനു നേരെ മലർത്തിപ്പിടിച്ച്, ഇരുപാർശ്വങ്ങളിൽക്കൂടി, ശിരസ്സിനു മേലേ അഞ്ജലി പിടിച്ച് താഴ്ത്തി മാറിനു നേരേ കൊണ്ടുവന്ന്, വലതുകാൽ മുന്നോട്ട് വച്ച്, ഇടതുകാലും സമപാദത്തിൽ കൊണ്ടുവന്ന്, ഉപ്പൂറ്റിചേർത്ത്, പാദം വിരിച്ച് കാൽമുട്ടുകൾ മടക്കി ഉപ്പൂറ്റി ഉയർത്തിയിരുന്ന് അഞ്ജലിയുടെ അഗ്രം ഭൂമിയിൽ തൊടീച്ച്, എഴുന്നേറ്റ്, ഇടതുകാൽ പുറകോട്ടാക്കി സമപാദത്തിൽ നിന്ന് ശിരസ്സ് നമിക്കുക.
  • പാദഭേദങ്ങൾ
  • സോപാനനില (സമനില)
സമപാദം കാലുകൾ ചേർത്ത്, ഉടൽ നിവർത്തി, ഇടതുകൈയുടെ മണിബന്ധം ഇടുപ്പിൽ മടക്കിവയ്‌ക്കുകയും, വലതുകൈ വർദ്ധമാനകമുദ്ര പിടിച്ച്, പെരുവിരൽ ഇടതുകൈയിൽ തൊടീച്ച്, ഉള്ളംകൈ പുറത്ത് കാണത്തക്കവിധം പിടിച്ച്, മുഖം പ്രസന്നമാക്കി സമദൃഷ്ടിയായി നിൽക്കുക.
  • അർധസോപാനനില (അരമണ്ഡലം)
കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ടു ഭാഗത്തേക്കും മുട്ടുമടക്കി കൈകൾ ഒന്നാം നിലയിൽ വച്ച് താഴ്ന്നു നിൽക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.
  • മുഴുസോപാനനില (മുഴുമണ്ഡലം)
കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ട് ഭാഗത്തേക്കും മുട്ടുമടക്കി, കൈകൾ അകവും പുറവും മലർത്തി, മുട്ടു മലർത്തി ഇരിക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.
  • അടവുകൾ
മോഹിനിയാട്ടത്തിൽ മൊത്തം നാൽപ്പതോളം ‘അടവുകൾ’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങൾ ആണ് ഉള്ളത്‌. മുഖ്യമായ അടവുകൾ താഴേ പറയുന്നവയാണ്.
  • തിത്ത-തിത്ത
സമപാദത്തിൽ നിന്ന് കാലുകൾ രണ്ടും മുട്ടുമടക്കി അരയിലമർന്ന് രണ്ട് കൈകളും മുട്ടുമടക്കി ഒരക്ഷരകാലത്തിൽ ഓരോപാദം അമർത്തി നാലു തവണ ചവിട്ടുക.
  • തൈയ്യത്ത
രണ്ടാം സോപാനനിലയിൽ നിന്ന് മെയ്യമർന്ന് രണ്ട് കൈകളും കൊണ്ട് മാറിൽ നിന്ന് ഒരു ചാൺ അകലെ ഹംസാസ്യമുദ്രപിടിച്ച്, വലതുകാൽ വലതുഭാഗത്ത് ഒരടി അകലത്തിൽ ഉപ്പുറ്റികുത്തി പാദം ഉയർത്തി, മുട്ടുകുറച്ചൊന്ന് മടക്കിചവിട്ടി വലതുകൈ അർധചന്ദ്ര മുദ്രപിടിച്ച് പാദത്തോട് അടുപ്പിച്ച് ,മെയ് ആ ഭാഗത്തേക്ക് ചരിച്ച്, മുഖം അല്പം കുനിച്ച് നിൽക്കുക.
  • തത്ത-താധി
വലതുകാൽ ഇടതുപാദത്തിൻറെ പുറകുവശം പാദം കുത്തി ഉപ്പുറ്റി ഉയർത്തി, വലതുകൈ വലതുഭാഗത്ത് അഞ്ജലീമുദ്ര പിടിച്ച് ഇടുപ്പിൽ മലർത്തികുത്തി, വലംഭാഗം ചരിഞ്ഞ് ഇടതുകൈ ഇടതുഭാഗം കമഴ്ത്തി, ശരീരം വലതുഭാഗം താഴ്ത്തി, കണ്ണുകൾ ഇടതുവശം ദൂരെ നോക്കിയശേഷം ഇടതുകാൽ ചവിട്ടി വലതുകാൽ തത്സ്ഥാനത്ത് ചവിട്ടുക. ഇതേ അടവുതന്നെ ഇടതുവശത്ത് ചവിട്ടിയാൽ തകുത-താധി അടവ് വരും.
  • ധിത്തജഗജഗജം
വലതുകാൽ തത്സ്ഥാനത്ത് ഒരുചുവടുവച്ച് വലതുകൈ കമഴ്ത്തി ഇടതുകൈ മലർത്തി തൊടീച്ച് വലതു ഭാഗത്തേക്ക് ഉപ്പുറ്റി ഉയർത്തി നാല് ചുവടുകൾ വച്ച് നിറുത്തുക. നിറുത്തുമ്പോൾ രണ്ട് കൈകളും മലർന്നും കമഴ്ന്നും വരും. ഈ അടവ് തന്നെ ഇരുഭാഗങ്ങളിലേക്കും ചെയ്യാം.
  • ജഗത്താധി-തകധിമി
വലതുകൈ അർധചന്ദ്രമുദ്രയും ഇടതുകൈ ഹംസാസ്യമുദ്രയും പിടിച്ച് വലതുകാൽ വലംഭാഗം ഒരു ചാൺ അകലെ ഉപ്പൂറ്റി അമർത്തി ചവിട്ടി, ഇടതുകാൽ സമംചവിട്ടി വലതുകാലും സമം ചവിട്ടിനിറുത്തുക. കൈകളിലെ മുദ്രകൾ അർധചന്ദ്രവും ഹംസാസ്യവുമായി മാറി മാറി വരണം.
  • ജഗത്തണംതരി
മെയ് അമർത്തി മുട്ടുമടക്കി വലതുകൈ വലംഭാഗം നീട്ടിയമർത്തി വലം വശം നോക്കി, ഇടതുകൈ നെഞ്ചിനുനേരെ അഞ്ജലിമുദ്ര പിടിച്ച് കമഴ്ത്തിവിട്ട് അഞ്ജലിമുദ്രപിടിച്ച് താഴ്ന്ന് ഉയരുക.
  • കുംതരിക
കുഴിഞ്ഞനിലയിൽനിന്നും കൈകൾ മലർത്തിയും കമഴ്ത്തിയും മെയ് ചുഴിഞ്ഞ് വട്ടംചുറ്റി സമനിലയിൽ നിൽക്കുക.
  • താധിൽതരി-ധിന്തരിത
രണ്ട് കൈകളിലും ഹംസാസ്യമുദ്ര മാറിനു നേരെ പിടിച്ച് മൂന്നാം സോപാനനിലയിൽ ഇരുന്ന് ഇടതുകാൽ പുറകോട്ട് നിർത്തിക്കുത്തുകയും, വലതുകാൽ മുട്ടുമടക്കി നിൽക്കുകയും, വലതുകൈ ഹംസാസ്യ മുദ്ര പിടിച്ച് വലതു ഭാഗത്ത് മുകളിലേക്ക് നീട്ടുകയും, ഇടതുകൈ ഹംസാസ്യ മുദ്ര പിടിച്ച് ഇടതുകാലിൻറെ ഒപ്പം നീട്ടുകയും, വലതുകൈയ്യിൽ നോക്കുകയും ചെയ്യണം. ഇപ്രകാരം രണ്ടുഭാഗത്തേക്കും ചെയ്യണം.
  • താംകിടധിംത
രണ്ടാം സോപാന നിലയിൽ നിന്ന് ഇടതുകൈ തത്ഭാഗത്ത് ദോളമായിനീട്ടി, വലതുകൈ ഹംസാസ്യമുദ്ര പിടിച്ച്, വലതുകാൽ ഉയർത്തി തത്സ്ഥാനത്ത് ചവുട്ടി വലതുകൈ മാറിൽ നിന്ന് വലതുഭാഗത്തേക്ക് വീശി രണ്ട് കാലുകളും സമത്തിൽ പാദം ചവുട്ടി ഉപ്പുറ്റി ഉയർത്തി നിൽക്കുക. രണ്ടുകൈകളും മാറിനു നേരെ അർധചന്ദ്രമുദ്ര പിടിച്ച് നിൽക്കുക.
  • തക്കിട്ട
വലതുകാൽ പുറകിലേക്ക് ഉപ്പുറ്റി ഉയർത്തിചവിട്ടി ഇടതുകാൽ സമം ചവിട്ടി നിറുത്തുക. ഇത് രണ്ടു ഭാഗത്തേക്കും ചെയ്യാം.
  • തക്കിടകിടതകി
വലതുകാൽ മുന്ഭാഗം ഉപ്പുറ്റിക്കുത്തിവച്ച് പിന്നാക്കം ചവിട്ടി, വലതുകൈ അർധചന്ദ്ര മുദ്ര പിടിച്ച്, ഇടതുകാലും വലതുകാലും ഓരോന്ന് ചവിട്ടുക. വലതുകൈ അർധചന്ദ്ര മുദ്ര പിടിച്ച് തിരിച്ചുകൊണ്ട് വന്ന് ഇടതുകൈ സൂചിമുഖ മുദ്ര പിടിച്ച് നിറുത്തുക.
  • ധിത്തി തൈ
രണ്ട് കൈകളും അഞ്ജലീമുദ്രപിടിച്ച് വലതുകാൽ മുന്നാക്കം ഉപ്പൂറ്റികുത്തി ഇടതു കാലും വലതു കാലും സമംചവിട്ടുക.
  • തൈ തിത്തി തൈ
വലതുകാൽ സമത്തിൽ ഒന്ന് ചവുട്ടിയിട്ട് മുന്ഭാഗത്ത് ഉപ്പുറ്റി കുത്തി ഇടതും വലതും പാദങ്ങൾ സമമായി ചവിട്ടുക. വലതുഭാഗത്ത് ചവിട്ടുമ്പോൾ വലതുകൈ മലർത്തി മുകളിലേക്ക് കൊണ്ടുവയ്ക്കണം.
  • തൈ തൈ തിത്തി തൈ
രണ്ട് കാലുകളും മുട്ടുമടക്കി, രണ്ട് ഭാഗത്തും ഓരോന്ന് ചവുട്ടി, വലതുകാൽ മുന്നാക്കം ഉപ്പുറ്റി ചവുട്ടി, ഇടതുകാൽ ഇടതു ഭാഗത്ത് ഒന്നും വലതുകാൽ വലത്ത് ഒന്നും ചവുട്ടുക.
  • തളാംഗു ധൃകുത തകത ധിംകിണ തോം
മുട്ടുമടക്കിയ കാലുകൾ, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണി ഹംസാസ്യമുദ്ര പിടിച്ച്, ഇടതുകൈ ഉയർത്തി, അർധചന്ദ്രമുദ്ര പിടിച്ച്, ഇടതുകാൽ തത്സ്ഥനത്ത് ഒന്ന് ചവിട്ടി, വലതുകാൽ വലംഭാഗം മുന്നാക്കം ഉപ്പുറ്റി കുത്തി, ഇടതുകാൽ തത്സ്ഥാനത്ത് ഒന്ന് ചവിട്ടി, വലതുകാൽ തിരിച്ചു കൊണ്ട് വന്ന് രണ്ടുകാലും സമം ചവിട്ടി നിറുത്തുക.
  • താം കിടധിത്തി തരികിട ധിതക-തൊംഗു ത്ളാംഗു തധിം കിണ
വലതുകാൽ വലംഭാഗത്ത് ഒരടി അകലം ഉപ്പുറ്റികുത്തി, കൈ അർധചന്ദ്രമുദ്ര പിടിച്ച് നീട്ടി ഇടതുകാൽ തത്സ്ഥാനത്ത് നിർത്തി ഒന്ന് ചവിട്ടി, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണിചവിട്ടി, കൈ ഹംസാസ്യമാക്കി, തിരിച്ചു കൊണ്ടുവന്ന് വലംഭാഗം രണ്ട് ചുവട് ചവിട്ടി, വീണ്ടും ഇടതുകാൽ തത്സ്ഥാനത്ത് ഒരു ചുവട് വച്ച് വലതുകാൽ ഒരടി അകലം വലംഭാഗത്ത് ചവിട്ടിനിറുത്തുക. കൈ അർധചന്ദ്രമായിരിക്കണം. ഇടതുകൈ ദേളമായി ഇടതുഭാഗത്ത് നിറുത്തുക.
  • തകുംതരി
വലത് പാദം വലം ഭാഗത്ത് മുമ്പിൽ ഉപ്പുറ്റികുത്തി, വലത് കൈ ഹംസാസ്യം പിടിച്ച്, ഇടത് കാൽ സമത്തിൽ ഒന്നു ചവിട്ടി വലതുകാൽ പുറകുവശം ഒന്നുകൂടി ചവിട്ടുക. കൈകൾ രണ്ടും അർധചന്ദ്രമാകണം.

അവതരണശൈലി

ലാസ്യ പ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാൺ. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.[7]
അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപോകുന്ന ചാരി മോഹിനിയാട്ടത്തിൻറെ പ്രത്യേകതയാണ്.

വേഷവിധാനം

വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

വാദ്യങ്ങൾ

കുറെക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പ്പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയതാളങ്ങളാണ് മോഹിനിയാട്ടത്തിൻ പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ‍, കൈമണി തുടങ്ങിയ വാദ്യങ്ങളാണ് ഉപയോഗിച്ചുവരുന്നത്.


kadakali

കഥകളി ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക] ദുര്യോധന വധം കഥകളി - പാണ്ഡവരും കൌരവും ചൂതുകളിയിൽ കഥകളിയിലെ കൃഷ്...